ഒരുപിടി നേട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനും അതിലുപരി സ്വന്തം പേരിലും കുറിച്ചയാളാണ് മഹേന്ദ്രസിംഗ് ധോണി. 2007 -ല്‍ ആദ്യ ട്വന്റി-20 ലോക കപ്പ്, 2011 ഏകദിന കപ്പ്, 2013 -ല്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ പോവുന്നു ലിസ്റ്റ്. ധോണിക്ക് വാഹനങ്ങളോടുള്ള കമ്പം പ്രസിദ്ധമാണ്. ഇപ്പോഴിതാ ധോണിയുടെ വാഹന ശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് എസ്യുവിയാണ് ധോണിയുടെ വാഹന ശേഖരത്തിലെ പുതിയ അതിഥി.
ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത് വ്യക്തമാക്കുന്നത്. 'വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു' എന്നാണ് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണി. ഏകദേശം 1.12 കോടി രൂപ വരെയാണ് കാറിന്റെ വില. വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്കുള്ള കമ്പം ഒന്നു വേറെ തന്നെയാണ്. കവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്. വാഹനം ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സെവന് സ്ലാട്ട് ഗ്രില്‍, പ്രൊജക്ട് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ്, തുടങ്ങിയ നിരവധി ഫിച്ചറുകള്‍ വാഹനത്തിന്റെ സവിശേഷതയാണ്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനത്തോടുകൂടിയ 8.4 ഇഞ്ചിന്റെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
6.2 ലിറ്റര്‍ V8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 463 bhp പവറും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷന് ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ കാഴ്ചയില്‍ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക്, ഗ്രാന്‍ഡ് ചെറോക്കി SRT -യുടെ സദ്യശൃം തോന്നുമെങ്കിലും അടുത്ത് കാണുമ്പോള്‍ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുക. ജിപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി SRT ഇന്ത്യന്‍ വിപണിയില്‍ നിലവിലുണ്ട്.