കുഞ്ഞൻ എസ്യുവിയായ കാമിക്കിനെ 2020-ൽ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് ചെക്ക് റിപ്പബ്ളിക്കൻ കാർ നിർമ്മാതാക്കളായ സ്കോഡ സ്ഥിരീകരിച്ചു. യൂറോപ്പ് പതിപ്പ് മോഡലായിരിക്കും ഇന്ത്യയിലേക്കെത്തുക. ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ കമ്പനി വാഹനത്തിനെ പരീക്ഷണം നടത്തിയിരുന്നു.
കാമിക്ക് കോംപാക്ട് എസ്യുവി സ്കോഡയുടെ MQB-A0 പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. ഫോക്സ്വാഗണ് പരമ്പരയുമായിട്ടാവും കാമിക്ക് പ്ലാറ്റഫോം ഘടകങ്ങള് പങ്കുവയ്ക്കുന്നത്. ഏറ്റവും പുതിയ രൂപകൽപ്പനയും സാങ്കേതികവിദ്യയും ഈ പ്ലാറ്റ്ഫോമിൽ ഒരുങ്ങും. 2020 ഓട്ടോ എക്സ്പോയിൽ വാഹനം അരങ്ങേറുമെന്നാണ് റിപ്പോർട്ട്.
രൂപകൽപ്പനയിൽ കോഡിയാക്ക് എസ്യുവിയുടെ താഴ്ന്ന പതിപ്പാണ് കാമിക്ക് എസ്യുവി. മുൻവശത്ത് സ്പ്ലിറ്റ്-എൽഇഡി ഹെഡ്ലാമ്പുകളും സ്കോഡയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രില്ലും കോഡിയാക്കിന്റേതിന് സമാനമായ നേർത്ത ടെയിൽ ലാമ്പുകളുമാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്കോഡയുടെ ഏറ്റവും പുതിയ ഡിസൈനിൽ അകത്തളം വരും. കേന്ദ്രഭാഗത്തിൽ ഡാഷ്ബോർഡിന്റെ കേന്ദ്രഭാഗത്തിൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സ്ക്രീൻ, 8.0 ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റ്, പനോരമിക് സൺറൂഫ് എന്നിവ ഇന്ത്യൻ പതിപ്പിൽ ഇടം പിടിച്ചേക്കും. കണക്റ്റഡ് കാർ ടെക്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ വാഹനത്തിലുണ്ടാകും. അതോടൊപ്പം ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് ഉള്ള കീലെസ് എൻട്രി, ഒരു മൾട്ടി-ഇൻഫോ ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ നിയന്ത്രണങ്ങൾ, ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകൾ എന്നിവയും വാഹമത്തിൽ കമ്പനി ഉൾകൊള്ളിക്കും.
ഇന്ത്യയിൽ അവതരിപ്പിക്കുന്ന എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് വ്യക്തമായ സൂചന സ്കോഡ പുറത്തു വിട്ടിട്ടില്ല. എങ്കിലും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായ മൂന്ന് പെട്രോളും രണ്ട് ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. TSI പെട്രോൾ, TDI ഡീസൽ യൂണിറ്റുമായാണ് 2020 കാമിക്ക് എസ്യുവി വിപണിയിലെത്തുക.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോഗ്രാമിൽ നിന്ന് വരുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും സ്കോഡയുടെ ഈ എസ്യുവി. കിയ സെൽറ്റോസ്, എംജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ എന്നീ എസ്യുവി മോഡലുകൾക്കെതിരെയാകും 2020 കാമിക്ക് ഇന്ത്യയിൽ മത്സരിക്കേണ്ടി വരിക.