കോംപാക്ട് എസ്യുവിയായ നെക്സോണിന്റെ XT+ പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചു. നിലവിലുള്ള XT പതിപ്പിന് പകരക്കാരനായാണ് XT+ പതിപ്പ് വരുന്നത്.
XT പതിപ്പിനെക്കാള്‍ നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കിയാണ് XT+ വിപണിയില്‍ എത്തിയിട്ടുള്ളതെന്ന് കന്പനി അറിയിച്ചു. പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍ ഫോഗ് ലാമ്പുകള്‍, പവര്‍ ഫോള്‍ഡിങ് റിയര്‍വ്യൂ മിറര്‍, റൂഫ് റെയില്‍, എല്‍ഇഡി ടെയ്ല് ലൈറ്റ് എന്നിവയാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അധിക ഫീച്ചറുകള്‍.
ബ്ലൂടൂത്ത് കണക്ടിവിറ്റിയും എട്ട് സ്പീക്കറുകളുള്ള ഹര്‍മ്മന്‍-കാര്‍ഡണ്‍ കണക്ട്നെക്സ്റ്റ് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടിഫങ്ഷനല്‍ സ്റ്റിയറിങ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, റിയര്‍ എസി വെന്റുകള്‍ എന്നിവ അകത്തളത്തിലെ പുതിയ സവിശേഷതയാണ്. പഴയ 6.5 ഇഞ്ച് ടച്ച്സ്ക്രീന്റെ വലിപ്പം പുതിയ പതിപ്പില്‍ 7 ഇഞ്ചായി കമ്പനി അപ്ഡേറ്റ് ചെയ്തു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയുടെ പിന്തുണ ഇതിന് ഉണ്ട്. വോയിസ് കമന്‍ഡ് വഴി ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കും, വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്കും മറുപടി നല്‍കാനും സാധിക്കും.
ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്-ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ള അധിക സുരക്ഷാ ഫീച്ചറുകൾ
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപനുകള് വാഹനത്തില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് 110 bhp പവറും 170 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 110 bhp പവറും 260 Nm torque ഉം സൃഷ്ടിക്കും.
നെക്സോണ്‍ XT+ -പെട്രോള്‍ എന്ജിന് പതിപ്പിന് 8.02 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 8.87 ലക്ഷം രൂപയുമാണ് വില. മാരുതി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്പോര്‍ട്, മഹീന്ദ്ര എസ്യുവി 300, ഹ്യൂണ്ടായി വെന്യു എന്നിവരാണ് നെക്സോണിന്റെ പ്രധാന എതിരാളികള്‍. 2020 ഏപ്രിലില്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി കമ്പനി നടത്തുന്നുണ്ട്.